മെഡിക്കല്‍ കോളേജില്‍ എം.ആര്‍.എ സ്‌കാനിംഗ് പ്രവര്‍ത്തിക്കുന്നില്ല രോഗികള്‍ നെട്ടോട്ടമോടുന്നു. ഉടന്‍ പരിഹാരം കാണണം - കടകംപള്ളി സുരേന്ദ്രന്‍

Print this page

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദിവസങ്ങളായി എം.ആര്‍.എ സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് മൂലം രോഗികള്‍ നെട്ടോട്ടമോടുകയാണെന്നും, ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം ഉണ്ടാകുവാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

            തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്.എ.ടി ആശുപത്രി, ദന്തല്‍ കോളേജ്, കണ്ണാശുപത്രി, പുലയനാര്‍കോട്ട ആശുപത്രി എന്നിവയ്‌ക്കെല്ലാമായി ആകെ ആശ്രയമായുള്ളത് മെഡിക്കല്‍ കോളേജിലെ ഏക എം.ആര്‍.എ സ്‌കാന്‍ മെഷീനാണ്. അതാകട്ടെ കഴിഞ്ഞ ഒരാഴ്ചയായി കേടായി പ്രവര്‍ത്തിക്കാത്ത സ്ഥിതിയിലാണ്. സ്‌പെയര്‍ പാര്‍ട്‌സിന്റെ വിദേശത്തു നിന്നുള്ള വരവും കാത്തിരിക്കുകയാണ് അധികൃതര്‍. നിത്യേന 400 ഓളം അപേക്ഷകളാണ് ഈ ഏക എം.ആര്‍.എ സ്‌കാന്‍ യൂണിറ്റിലേക്ക് വരുന്നത്. ഒരു ദിവസം ഇരുപത് പേര്‍ക്കു മാത്രമേ ഈ യന്ത്രത്തില്‍ സ്‌കാനിംഗ് എടുക്കാന്‍ കഴിയുകയുള്ളൂ. രോഗികള്‍ മാസങ്ങളോളം ആണ് എം.ആര്‍.എ സ്‌കാനിംഗ് തീയതിക്കു വേണ്ടി കാത്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഈ വര്‍ഷം സെപ്തംബര്‍ വരെ തീയതി നല്‍കി കഴിഞ്ഞു. ഈ ഘട്ടത്തില്‍ യന്ത്ര തകരാര്‍ കൂടിയായതോടു കൂടി രോഗികളാകെ പരിഭ്രാന്തരായി ഓടുകയാണ്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. കോണ്‍ട്രിബ്യൂട്ടട് ആന്യുവല്‍ മെയിന്റന്‍സ് കോണ്‍ട്രാക്ട് (ഇഅങഠ) കൊടുക്കാനുള്ള ഫയല്‍ പോലും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാലിന്റെ ഓഫീസിലെ ചുവപ്പുനാടയ്ക്കുള്ളില്‍ സുഖ നിദ്രയിലാണ്. ആയിരക്കണക്കിന് രോഗികള്‍ മാസങ്ങളായി സ്‌കാനിംഗിന് വേണ്ടി കാത്തു നില്‍ക്കുന്ന ഈ ദയനീയ അവസ്ഥയിലും ഒരു പുതിയ എം.ആര്‍.എ സ്‌കാനിംഗ് മെഷീന്‍ കൂടി സ്ഥാപിക്കുന്ന കാര്യം പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം സൗജന്യമായി എം.ആര്‍.എ സ്‌കാനിംഗ് മെഷീന്‍ നല്‍കാന്‍ സന്നദ്ധമായി വന്നിട്ടു പോലും, അത് സ്വീകരിക്കാതെ പല തടസ്സവാദങ്ങള്‍ പറഞ്ഞ് ഫലത്തില്‍ അതും നിഷേധിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണകാലത്ത് പുതിയ എം.ആര്‍. എ സ്‌കാനിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള സ്ഥലമടക്കം കണ്ടെത്തിയതാണ്. എന്നാല്‍ അതിന് തുടര്‍ച്ചയായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചില്ല. ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാറിന് താത്പര്യം പ്രചരണ നടത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ്. പുതിയ  മെഡിക്കല്‍ കോളേജ് എന്ന പ്രചരണം മേനി നടിക്കുന്ന മന്ത്രി  മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് അവശ്യം വേണ്ടുന്ന സ്‌കാനിംഗ് പോലുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും സന്നദ്ധമല്ല. ആശുപത്രി വികസന സമിതി സ്വരൂപിക്കുന്ന പണം കെട്ടിട നിര്‍മ്മാണത്തിന് മാറ്റാനാണ് ശ്രമം. അഞ്ചുകോടി രൂപ ഇപ്രകാരം മാറ്റാന്‍ ശ്രമിച്ചത് ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസിലാണ്. എം.ആര്‍.എ സ്‌കാനിംഗിനും, സി.റ്റി.സ്‌കാനിംഗിനും ഇപ്പോഴുള്ളപരിമിത സൗകര്യങ്ങള്‍ വിപുലീകരിക്കുവാനുള്ള ഒരു പരിശ്രമവും നടത്താത്തത് സ്വകാര്യ സ്ഥാപനങ്ങളെ വന്‍തോതില്‍ സഹായിക്കുവാന്‍ ലക്ഷ്യമിട്ടാണ്. എം.ആര്‍.എ സ്‌കാനിംഗ് ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് സൗജന്യവും മറ്റുള്ളവര്‍ക്ക് 2000/- രൂപയും നിരക്ക് നിലവിലുള്ളപ്പോള്‍ സ്വകാര്യ മേഖലയില്‍ 8000/- മുതല്‍ 25000/- രൂപ വരെയാണ് റേറ്റ് വാങ്ങുന്നത്. ഈ സ്ഥാപനങ്ങളുടെ പ്രോത്സാഹനമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം. സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ സൗകര്യത്തില്‍ തെല്ലും ആശങ്കയില്ലാത്ത ഈ സര്‍ക്കാരിന്റെ നെറികേടുകള്‍ക്കും, പിടിപ്പുകേടുകള്‍ക്കുമെതിരെ ശക്തമായ ജനരോഷം ഉണ്ടാകണമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. 

Last modified on Thursday, 21 January 2016 21:19
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com