പത്രക്കുറിപ്പുകള്‍

ക്ഷേമ പെന്‍ഷന്‍ വിതരണം താറുമാറാക്കി അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ അണിനിരക്കുക :- കടകംപള്ളി സുരേന്ദ്രന്‍

 സംസ്ഥാനത്ത് അഗതികള്‍ക്കും, ആലംബഹീനര്‍ക്കുമെല്ലാമായി വിതരണം ചെയ്തു വരുന്ന വാര്‍ധക്യകാല പെന്‍ഷന്‍, അഗതി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വിവാഹ മോചിതര്‍ക്കുള്ള പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, അന്‍പത് വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങിയ എല്ലാ ക്ഷേമ പെന്‍ഷനുകളുടെയും വിതരണം താറുമാറാക്കിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ദുര്‍ബല ജന വിഭാഗങ്ങളോട് തീരെ കരുണയില്ലാത്ത നടപടിയുമാണെന്നും ഈ തീരുമാനം ഉടന്‍ റദ്ദാക്കണം എന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സുതാര്യമായി നടന്നു വന്ന ഒരു സംവിധാനത്തെയാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തൊഴില്‍ വകുപ്പ് വഴിയും മറ്റു ക്ഷേമ പെന്‍ഷനുകള്‍ കളക്റ്റര്‍ വഴിയും പഞ്ചായത്തുകള്‍ക്ക് കൈമാറുകയും പഞ്ചായത്തുകള്‍ അവ ബന്ധപ്പെട്ട ഗുണഭോക്താക്കള്‍ക്ക് തപാല്‍ വഴി വീട്ടില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്ന സുശക്തമായ നടപടി ക്രമത്തെയാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. ഡയറക്റ്റ് ബനിഫിഷ്യറി ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) പദ്ധതി പ്രകാരം എല്ലാ ഗുണഭോക്താക്കള്‍ക്കും പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കാനാണ് തീരുമാനം.

ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്ത പാവങ്ങള്‍ അന്തംവിട്ടു നില്‍ക്കുകയാണ്. അക്കൗണ്ട് തുടങ്ങണമെങ്കില്‍ ആദാര്‍ വേണമെന്നതാണ് മറ്റൊരു നിബന്ധന. പരസഹായമില്ലാതെ എണിറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത പ്രായം ചെന്നവരാണ് ഗുണഭോക്താക്കളില്‍ മഹാ ഭൂരിപക്ഷം. പോസ്റ്റ്‌ ഓഫീസിലും ബാങ്കിലും ഒക്കെയായി സഹായികളെയും കൂട്ടി നിത്യേന നൂറുകണക്കിന് നിലാരംബരാണ് ഇപ്പോള്‍ പെന്‍ഷന്‍ തിരക്കി നടക്കുന്നത്. പഞ്ചായത്തുകള്‍ക്കും ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന ഉത്തരവാദിത്വം പൂര്‍ണ്ണമായും അവസാനിപ്പിച്ചിരിക്കുന്നു. ഗുണഭോക്താക്കളുടെ ലിസ്റ്റ് അയക്കുന്നതോട് കൂടി പഞ്ചായത്തുകളുടെ ഉത്തരവാദിത്വം അവസാനിക്കുകയാണ്. മാസം തോറും ലഭിക്കേണ്ട പെന്‍ഷന്‍ എപ്പോള്‍ ലഭിക്കുമെന്ന് പഞ്ചായത്തില്‍ നിന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഇപ്പോള്‍ തന്നെ മാസങ്ങളോളം കുടിശികയായിട്ടുള്ള ക്ഷേമ പെന്‍ഷനുകള്‍ നീട്ടികൊണ്ട് പോയി നിഷേധിക്കാനുള്ള സര്‍ക്കാരിന്റെ കുറുക്കുവഴി കൂടിയാണ് വിതരണത്തില്‍ വരുത്തിയ ഈ മാറ്റം. ഗതികളും ആലംബഹീനരും വാര്‍ദ്ധക്യം മൂലം അവശത അനുഭവിക്കുന്നവരുമായ ലക്ഷക്കണക്കിന്‌ ജനങ്ങളെ ഇത്തരത്തില്‍ വേട്ടയാടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഈ തീരുമാനത്തിനെതിരെ സമൂഹം ഒന്നാകെ പ്രതിഷേധിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഈ ധിക്കാരത്തിനും ജനവിരുദ്ധ നടപടിക്കുമെതിരെ ജില്ലയില്‍ ഒക്ടോബര്‍ 3 ന് എല്ലാ വില്ലേജ് ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Last modified on Monday, 04 January 2016 23:53
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh