തിരുവനന്തപുരത്ത് ശംഖുമുഖം കടപുറത്ത് ലക്ഷങ്ങള്‍ അണിനിരന്ന സമാപനസമ്മേളനം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. നവകേരളത്തിന് മാത്രമല്ല ഒരു നവഇന്ത്യക്കുള്ള തുടക്കമാകണം നവകേരള മാര്‍ച്ച് എന്ന് സീതാറാം യെച്ചൂരി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യോഗത്തില്‍ അധ്യക്ഷനായി. തിരുവനന്തപുരം ശംഖുമുഖം കടപുറത്തിന് അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലിന്റെ പ്രതീതി സൃഷ്ടിച്ച സമാപന റാലിയോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അണിനിരന്ന പ്രവര്‍ത്തകര്‍ ചെങ്കൊടിയുമായി കടപ്പുറത്ത് പുതുചരിത്രം തീര്‍ത്തു. നൂറ് കണക്കിന് റെഡ്വാളിയന്റമാരുടെ നിന്ത്രണത്തിലാണ് മാര്‍ച്ചിന്റെ സമാപനസമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന് തുടക്കം കുറിച്ച് ജാഥാക്യാപ്റ്റന് പിണറായി വിജയനെ തുറന്ന വാഹനത്തില്‍ വേദിയിലേക്ക് ആനയിച്ചു. സമ്മേളന സ്ഥലത്ത് എത്തിയ പിണറായി വിജയന് റെഡ് വളന്റിയര്‍മാരുടെ പരേഡ് പരിശോധിച്ചു. ഞായറാഴ്ചയാണ് റാലി നടത്താനിരുന്നതെങ്കിലും മലയാളത്തിന്റെ പ്രിയ കവി ഒ എന്‍ വി കുറുപ്പിന്റെ വേര്‍പാടില്‍ അനുശോചിച്ച് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മാര്‍ച്ചിന്റെ സമാപന വേദിക്ക് ഒഎന്‍വിയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരുന്നത്.
'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 15ന് കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഒരുമാസത്തെ പര്യടനത്തിനുശേഷമാണ് ഇന്ന് സമാപിച്ചത്. മാര്‍ച്ച് സംസ്ഥാന ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ജനമുന്നേറ്റമായി. 3 ലക്ഷത്തിലധികം ബഹുജനങ്ങളാണ് സ്വീകരണ റാലികളില്‍ അണിനിരന്നത്.